അൽമാറ്റി : പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമ്മാണം നടത്തി കസാക്കിസ്ഥാൻ. പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചുകൊണ്ടാണ് നിയമം പാസാക്കിയിട്ടുള്ളത്. ഉത്തരവിൽ കസാക്കിസ്ഥാൻ പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് ഒപ്പുവെച്ചു. മധ്യേഷ്യയിൽ കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളും സമാനമായ രീതിയിൽ പൊതുസ്ഥലത്ത് മുഖം മറക്കുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ കസാക്കിസ്ഥാൻ ഇത്തരത്തിൽ ഒരു നിയമനിർമാണം നടത്തിയത് ആഗോളതലത്തിൽ തന്നെ സ്വാഗതം ചെയ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ മുഖം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത് എന്നാണ് പുതിയ നിയമത്തിൽ പരാമർശിച്ചിട്ടുള്ളത്. എന്നാൽ പ്രതികൂല കാലാവസ്ഥയിലോ ചികിത്സ ആവശ്യങ്ങൾക്കോ കായിക സാംസ്കാരിക പരിപാടികളിലോ ഈ നിയമത്തിൽ ഇളവ് ഉണ്ടാകും. മെഡിക്കൽ ആവശ്യങ്ങൾക്ക് മാസ്ക് ധരിക്കുന്നതിനും വിലക്കില്ല.
മുസ്ലീം ഭൂരിപക്ഷ രാജ്യവും മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗവും ആയിരുന്ന കസാക്കിസ്ഥാനിൽ വംശീയ സ്വത്വം ആഘോഷിക്കാനുള്ള അവസരമാണ് ഈ പുതിയ നിയമനിർമ്മാണം എന്ന് കസാക്കിസ്ഥാൻ പ്രസിഡണ്ട് കസ്സിം ജോമാർട്ട് ടോക്കയേവ് അഭിപ്രായപ്പെട്ടു. മുഖം മറയ്ക്കുന്ന കറുത്ത കുപ്പായം ധരിക്കുന്നതിനുപകരം, ദേശീയ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് വളരെ നല്ലത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post