ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ച് പാകിസ്താൻ. പെട്രോളിന്റെ വില ലിറ്ററിന് 8.36 രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ വർധനവോടെ, പെട്രോളിന്റെ വില 258.43 രൂപയിൽ നിന്ന് 266.79 രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറയുന്ന സാഹചര്യത്തിലാണ് പാകിസ്താൻ വില വർധിപ്പിച്ചിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
ഹൈ സ്പീഡ് ഡീസലിന്റെ വില ലിറ്ററിന് 10.39 രൂപയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ ഹൈ സ്പീഡ് ഡീസൽ വില 262.59 രൂപയിൽ നിന്ന് 272.98 രൂപയായി ഉയർന്നു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് വിലവർധനവ് നടപ്പിലാക്കിയിട്ടുള്ളത്. ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെയും (ഒജിആർഎ) ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും ശുപാർശകളെ തുടർന്നാണ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ കാർബൺ ലെവി ചുമത്താനും പാകിസ്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പെട്രോളിന് പെട്രോളിയം ഡെവലപ്‌മെന്റ് ലെവി (പിഡിഎൽ) ലിറ്ററിന് 75.52 രൂപ ആയാണ് വർദ്ധിപ്പിച്ചത്. ഡീസലിന് ലിറ്ററിന് 74.51 രൂപ ലെവി ചുമത്തും. തുടർച്ചയായി ഇത് രണ്ടാം തവണയാണ് പാകിസ്താൻ സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നത്. ജൂൺ 16 നായിരുന്നു നേരത്തെ പെട്രോളിന് അഞ്ച് രൂപയോളം വർധിപ്പിച്ചിരുന്നത്.
Discussion about this post