കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി മനോജീത് മിശ്ര കോളേജിലെ പേടിസ്വപ്‌നമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. മാംഗോ മിശ്ര’ എന്ന പേരിൽ അറിയപ്പെട്ട മനോജിത്തിന്റെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകൾ പോലും ഒഴിവാക്കിയിരുന്നു. പലരും പാതിവഴിയിൽ പഠനം നിർത്തുകയും ചെയ്തു.
കൊൽക്കത്ത ലോ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടും ക്യാമ്പസിൽ ഏറെ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു മനോജീത് മിശ്ര. ‘മനോജീത് ദാദ ഞങ്ങളുടെ ഹൃദയങ്ങളിൽ (ടീം എംഎം)’ എന്ന് കോളേജിൽ ചുവരെഴുത്ത് പോലും ഉണ്ടായിരുന്നു.
കോളേജിൽനിന്ന് പഠിച്ചിറങ്ങിയ ശേഷം കരാർ ജീവനക്കാരനായി തിരിച്ചെത്തിയ പൂർവ്വ വിദ്യാർത്ഥിയായ മനോജിത്തിനെ വിദ്യാർത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. ‘കാമ്പസിൽ ഭീകരമായ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അയാൾ പെൺകുട്ടികളുടെ ഫോട്ടോകൾ എടുക്കുകയും അവ മോർഫ് ചെയ്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മനോജീത് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഭയം കാരണം വിദ്യാർത്ഥികൾ ക്ലാസുകളിൽ പോകാൻ പോലും ഭയന്നിരുന്നു.’
പപ്പായി എന്നുവിളിച്ചിരുന്ന മനോജീത് ഒരു ശല്യക്കാരനാണെന്ന് അയൽവാസികൾ പറയുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്ന മനോജീത്തിനെ അഭിഭാഷകയായ ഒരു പെൺസുഹൃത്ത് ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും വിവരമുണ്ട്.സഹപാഠിയായിരുന്ന ഒരു യുവതിയുമായി ദീർഘകാലമായി മനോജിത് പ്രണയത്തിലാണ്. യുവതിയുടെയും മനോജിത്തിന്റെയും കുടുംബാംഗങ്ങൾ അംഗീകരിച്ച ബന്ധമായിരുന്നു അത്. ഈസമയം തന്നെയാണ് ഇയാൾ മറ്റ് പെൺകുട്ടികളെ ശല്യപ്പെടുത്തിയിരുന്നത്. രാഷ്ട്രീയ ബന്ധങ്ങളുടെ പേരിൽ ഇയാൾക്കെതിരേ പരാതിപ്പെടാൻ ഭയമായിരുന്നു.
2007 ലാണ് മനോജീത് കൊൽക്കത്ത കോളേജിൽ ചേർന്നത്. 2012 ൽ കോഴ്സ് പൂർത്തിയാക്കേണ്ടിയിരുന്ന മനോജീത് 2011 ൽ തൃണമൂൽ ബംഗാളിൽ അധികാരത്തിലെത്തിയതു മുതൽ കോളേജ് രാഷ്ട്രീയത്തിൽ സജീവമായി. പഠനം മുടങ്ങി. 2017 ൽ വീണ്ടും പ്രവേശനം നേടിയ മനോജീത് 2022 ൽ കോഴ്സ് പൂർത്തിയാക്കി. 2017ൽ പ്രിൻസിപ്പലിന്റെ ഓഫീസ് നശിപ്പിച്ച സംഭവത്തിൽ മനോജീത് ഉൾപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് കോളേജിലെ പാർട്ടി യൂണിറ്റ് തൃണമൂൽ പിരിച്ചുവിട്ടു. പക്ഷെ മനോജീത് ഇപ്പോഴും ക്യാമ്പസിൽ നേതാവായി തുടരുകയാണ്. 2023 ൽ കോളേജിൽ ക്ലെറിക്കൽ സ്റ്റാഫായി മനോജീത്തിന് കോളേജ് അധികൃതർ നിയമനം നൽകി. 500 രൂപ ദിവസവേതനത്തിനായിരുന്നു നിയമനം.
Discussion about this post