ജൂൺ 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഈ യുദ്ധവിമാനത്തെ ഉപയോഗിച്ച് ഒരു പ്രമോഷൻ പരസ്യം പുറത്തിറക്കിയിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്. “കേരളത്തിൽ വന്നാൽ പിന്നെ നിങ്ങൾക്ക് തിരിച്ചു പോകാനേ തോന്നില്ല” എന്ന തലക്കെട്ടോടെ പുറത്തിറക്കിയിട്ടുള്ള ഈ പരസ്യത്തിൽ എഫ്-35ബി കേരളത്തിനായി ഫൈവ് സ്റ്റാർ റേറ്റിംഗും നൽകിയിട്ടുണ്ട്.
“കേരളം ഒരു വിസ്മയകരമായ സ്ഥലമാണ്. എനിക്ക് ഇവിടെ നിന്നും മടങ്ങി പോകാനേ തോന്നുന്നില്ല. ഈ സ്ഥലം തീർച്ചയായും ഞാൻ എല്ലാവർക്കും റെക്കമെന്റ് ചെയ്യുന്നു” എന്ന വാചകങ്ങളോടെ ഫൈവ് സ്റ്റാർ റേറ്റിംഗ് ആണ് എഫ്-35ബി കേരളത്തിന് നൽകിയിരിക്കുന്നത്. നവ മാധ്യമ പ്രേക്ഷകർക്കിടയിൽ വലിയ കയ്യടിയാണ് കേരള ടൂറിസം വകുപ്പിന്റെ ഈ പരസ്യത്തിന് ലഭിച്ചിരിക്കുന്നത്.
നിരവധി രസകരമായ കമന്റുകളും ഈ പരസ്യത്തിന് താഴെ വരുന്നുണ്ട്. ‘ എന്തായാലും ഇതുവരെ നിന്നതല്ലേ ഇനി ഓണവും ആഘോഷിച്ചു വള്ളംകളിയും കണ്ടിട്ട് പോകാം എന്നാണ്’ എഫ്-35ബിയോട് ചിലർക്ക് പറയാനുള്ളത്. എന്തായാലും കേരള ടൂറിസം വകുപ്പിന്റെ വീണിടം വിദ്യ ആക്കുന്ന ഈ സ്ട്രാറ്റജി കലക്കി എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അറിയിക്കുന്നത്.
Discussion about this post