ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി). കോടതിയലക്ഷ്യ കേസിൽ ആണ് ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂണിൽ ബംഗ്ലാദേശിൽ നടന്ന പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് ഹസീന സ്വീകരിച്ച നടപടികളിൽ ആണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
ചെയർമാൻ ജസ്റ്റിസ് എംഡി ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഒരു വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തതിന് ശേഷം ഹസീനയെ ഏതെങ്കിലും ഒരു കേസിൽ കുറ്റക്കാരിയായി പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. 2024 ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടു എന്നാണ് യുഎൻ അവകാശ ഓഫീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം ഷെയ്ഖ് ഹസീന എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനക്കെതിരെ വിചാരണ നടത്തിയിരുന്നത്. ജൂൺ ആദ്യം ഐസിടി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി. തുടർന്നാണ് ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ബംഗ്ലാദേശിൽ നിന്നും പാലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവിൽ ന്യൂഡൽഹിയിലാണ് അഭയം തേടിയിരിക്കുന്നത്.
Discussion about this post