ആലപ്പുഴ : ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പ്രതി ജോസ്മോൻ. മകൾ വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ജോസ്മോൻ പോലീസിനോട് വ്യക്തമാക്കി. മറ്റു കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചാണ് മകളെ ആക്രമിച്ചത് എന്നും പ്രതി പോലീസിനെ അറിയിച്ചു.
ആലപ്പുഴ ഓമനപ്പുഴയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഓമനപ്പുഴ സ്വദേശി ജോസ്മോൻ മകൾ ജാസ്മിനെ ക്രൂരമായി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിൽവച്ച് ആയിരുന്നു ജോസ്മോൻ ഈ ക്രൂരകൃത്യം ചെയ്തത്. ജാസ്മിൻ വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്ത ജോസ്മോൻ പെൺകുട്ടിയുടെ കഴുത്തു ഞെരിച്ചു. വീടിന്റെ ഹാളിൽ വച്ചായിരുന്നു ഇത് നടന്നത്. തുടർന്ന് ബോധം പോയ ജാസ്മിനെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി തോർത്തുകൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജാസ്മിന്റെ മൃതദേഹം ഒരു രാത്രി മുഴുവൻ മുറിയിൽ കിടത്തിയതിനുശേഷം ആണ് ജോസ്മോൻ ആളുകളെ വിവരം അറിയിക്കുന്നത്. മകൾക്ക് ഹൃദയാഘാതം സംഭവിച്ചു എന്നായിരുന്നു ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഹൃദയാഘാതം അല്ല മരണകാരണം എന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ജോസ്മോനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
Discussion about this post