അക്ര : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഘാന. ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചത്. ഇന്ത്യ-ഘാന സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിനായി പ്രവർത്തിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് ഈ ബഹുമതിയെന്ന് ചടങ്ങിനു ശേഷം പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
തലസ്ഥാനമായ അക്രയിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമ ആണ് പ്രധാനമന്ത്രി മോദിയെ ആദരിച്ചത്. ഘാനയുടെ പരമോന്നത ബഹുമതി ലഭിച്ചതിൽ എനിക്ക് അഭിമാനവും ബഹുമാനവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രസിഡന്റ് മഹാമയ്ക്കും ഘാന സർക്കാരിനും ഘാനയിലെ ജനങ്ങൾക്കും ഞാൻ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രിയും ഘാന പ്രസിഡണ്ടും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം, ഇരു രാജ്യങ്ങളും തമ്മിൽ നാല് കരാറുകളിൽ ഒപ്പുവച്ചു. ഇന്ത്യ എപ്പോഴും ഘാനയിലെ ജനങ്ങളോടൊപ്പം നിൽക്കുകയും വിശ്വസ്ത സുഹൃത്തും വികസന പങ്കാളിയുമായി സംഭാവന നൽകുന്നത് തുടരുകയും ചെയ്യുമെന്ന് ഘാന സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി അറിയിച്ചു. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്.
Discussion about this post