ന്യൂഡൽഹി : ഇൻഷുറൻസ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിർണായക വിധിയുമായി സുപ്രീംകോടതി. സ്വന്തം അശ്രദ്ധ മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അമിത വേഗതയിൽ വാഹനം ഓടിച്ചു മരിച്ചയാൾക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരല്ല എന്നാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
അമിത വേഗതയിൽ കാർ ഓടിച്ച് മരിച്ച ഒരാളുടെ ഭാര്യയും മകനും മാതാപിതാക്കളും 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നഷ്ടപരിഹാരം നൽകുന്നതിന് വിസമ്മതിച്ചു.
2024 നവംബർ 23ന് കർണാടക ഹൈക്കോടതി തള്ളിയ ഹർജിയാണ് ഇപ്പോൾ സുപ്രീംകോടതിക്ക് മുൻപിൽ എത്തിയിരുന്നത്. ഹൈക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി ഹർജി തള്ളി. 2014 ജൂൺ 18 ന് അമിതവേഗതയിൽ കാർ ഓടിച്ചുണ്ടായ അപകടത്തിൽ മരിച്ച എൻ.എസ്. രവിഷയുടെ കുടുംബം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്.
Discussion about this post