ആപ്പിൾ ഐഫോൺ നിർമാണക്കമ്പനിയായ ഫോക്സ്‌കോൺ ടെക്നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളിൽനിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാൻ ആരംഭിച്ചതായി വിവരം. ഐഫോൺ ഉത്പാദനത്തിന് നേതൃത്വം നൽകാനും ഇന്ത്യയിൽനിന്നുള്ളവർക്ക് പരിശീലനം നൽകാനുമാണ് ഫോക്സ്‌കോണിന്റെ ചൈനയിലെ പ്ലാന്റിൽനിന്നുള്ള എൻജിനിയർമാരെത്തിയത്.
മുന്നൂറോളം പേരായിരുന്നു ചൈനയിൽനിന്ന് ഇന്ത്യയിലെ ഫോക്സ്‌കോൺ പ്ലാന്റുകളിലായുണ്ടായിരുന്നത്. ഒരുമാസത്തിനിടെ ഇതിൽ ഭൂരിഭാഗം പേരെയും തിരിച്ചയച്ചതായാണ് റിപ്പോർട്ട്.ചൈനീസ് സർക്കാർ അവരുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാവാം ഫോക്സ്‌കോണിന്റെ ഈ തീരുമാനമെന്നാണ് സൂചന. രാജ്യത്ത് സ്മാർട്ട്ഫോൺ പ്ലാന്റുകൾക്കായി സ്ഥലം കണ്ടെത്തിയിരുന്ന ചില ചൈനീസ് നിർമ്മാതാക്കൾ അവരുടെ പദ്ധതികൾ മാറ്റിവെച്ചതായും ഇവർ ചൂണ്ടിക്കാട്ടുന്നു
ജൂലൈ പകുതിയോടെ ഇന്ത്യയിൽ 1,000 പ്രാദേശിക ജീവനക്കാരെ കൂടി നിയമിക്കാൻ ഫോക്സ്‌കോൺ പദ്ധതിയിട്ടിരുന്നു. നിലവിൽ ഏകദേശം 40,000 ജീവനക്കാരാണ് ഫോക്സ്‌കോണിന് ഇന്ത്യയിലുള്ളത്.
Discussion about this post