ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരമായ പോർട്ട് ഓഫ് സ്പെയിനിൽ അദ്ദേഹം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയും ട്രിനിഡാഡ് & ടൊബാഗോയും തമ്മിലുള്ള
സാംസ്കാരികവും പൂർവ്വികവുമായ ബന്ധത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. കരീബിയൻ രാജ്യത്തിലെ ഇന്ത്യൻ പ്രവാസികളുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെ അനുസ്മരിച്ച് ഇന്ത്യയിൽ നിന്നും ഒരു പ്രത്യേക സമ്മാനവും ആയാണ് മോദി എത്തിയിരുന്നത്.
അയോധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും സരയൂ നദിയിലെ പുണ്യ തീർത്ഥവും ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിനിഡാഡ് & ടൊബാഗോയിലെ ഇന്ത്യൻ സമൂഹത്തിനായി സമ്മാനിച്ചത്. ട്രിനിഡാഡ് & ടൊബാഗോയിലെ ജനങ്ങൾ മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിനായി പുണ്യജലവും പവിത്രമായ ശിലകളും അയച്ചിരുന്നതായി മോദി അനുസ്മരിച്ചു. ഈ രാജ്യത്തെ ജനങ്ങൾ ക്ഷേത്രത്തിനായി നൽകിയ സംഭാവനകൾക്ക് പകരമായി അയോധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും സരയൂ നദിയിലെ ജലവും അവർക്ക് സമർപ്പിക്കാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ അഭിമാനം ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
“നിങ്ങൾ എല്ലാവരും പ്രഭു ശ്രീരാമനെ എത്രമാത്രം ബഹുമാനിക്കുന്നുവെന്ന് എനിക്കറിയാം. നിങ്ങളുടെ രാമലീലകൾ അതിശയകരമാണ്. 500 വർഷങ്ങൾക്ക് ശേഷം രാം ലല്ല അയോധ്യയിലേക്ക് മടങ്ങിയെത്തുന്നത് കണ്ടതിൽ നിങ്ങൾ എല്ലാവരും സന്തുഷ്ടരാണെന്ന് എനിക്ക് ഉറപ്പുണ്ട്,” എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. 25 വർഷങ്ങൾക്ക് മുമ്പ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നവരാത്രി, മഹാശിവരാത്രി, ജന്മാഷ്ടമി തുടങ്ങിയ ഉത്സവങ്ങൾ ആവേശത്തോടെ ആഘോഷിക്കുന്ന ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ ഇന്ത്യൻ സമൂഹം വെറും കുടിയേറ്റക്കാരല്ല എന്നും ഇന്ത്യയുടെ മൂല്യങ്ങളുടെയും പൈതൃകത്തിന്റെയും അംബാസഡർമാരാണ് എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Discussion about this post