എറണാകുളം : ഭാരതാംബ വിവാദത്തിൽ നിർണായക പരാമർശവുമായി കേരള ഹൈക്കോടതി. ഭാരതാംബ എങ്ങനെയാണ് മതചിഹ്നമാകുന്നതെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന രജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വൈസ് ചാൻസിലർക്ക് അധികാരം ഉണ്ട് എന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ സസ്പെൻഷൻ നടപടിയിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി മാറ്റിവെച്ചു. അടുത്ത തിങ്കളാഴ്ച ഹർജി പരിഗണിക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വിസിക്ക് ഉത്തരവിറക്കാമെന്ന് വെള്ളിയാഴ്ച നടന്ന വാദത്തിനിടയിൽ ഹൈക്കോടതി വ്യക്തമാക്കി. രജിസ്ട്രാറുടെ ഹർജിയിൽ സൂചിപ്പിച്ചിരിക്കുന്ന സർവകലാശാല ഹാളിൽ പ്രദർശിപ്പിച്ച മതചിഹ്നമുളള ചിത്രം എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. സെക്യൂരിറ്റി ഓഫീസറാണ് ഇക്കാര്യം അറിയിച്ചതെന്നും ചിത്രം കണ്ടപ്പോൾ ഹിന്ദു ദേവതയായിട്ടാണ് സെക്യൂരിറ്റി ഓഫീസർക്ക് തോന്നിയതെന്നായിരുന്നു ഇതിന് ഹർജിക്കാരന്റെ മറുപടി. ഭാരതാംബ എങ്ങനെയാണ് മത ചിഹ്നം ആകുന്നത് എന്ന് കോടതി ചോദ്യമുന്നയിച്ചു. ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതുകൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നത് എന്നും ഹൈക്കോടതി ചോദിച്ചു. ഹർജിയിൻ മേൽ കൂടുതൽ വാദം തിങ്കളാഴ്ച കേൾക്കും.
Discussion about this post