കണ്ണൂർ : യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിൽ ആയിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ അബ്ദുൾ റഹ്മാനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുമാണ് അബ്ദുൾ റഹ്മാനെ കസ്റ്റഡിയിലെടുത്തത്. ഖത്തറിൽ നിന്നുമാണ് ഇയാൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയിരുന്നത്.
2022 ൽ ആണ് ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരുവിനെ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയിരുന്നത്. എൻഐഎ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ച ആറ് പ്രതികളിൽ ഒരാളാണ് അബ്ദുൾ റഹ്മാൻ. രണ്ട് വർഷത്തോളമായി അബ്ദുൾ റഹ്മാൻ ഖത്തറിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് നാല് ലക്ഷം രൂപയായിരുന്നു എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
2022 ജൂലൈ 26 ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ ഗ്രാമത്തിൽ വെച്ചാണ് പ്രവീൺ നെട്ടാരു ക്രൂരമായി കൊല്ലപ്പെട്ടത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മുസ്ലിം തീവ്രവാദികളാണ് ഈ ക്രൂര കൊലപാതകം നടത്തിയത്. മേഖലയിൽ ഭീകരത വളർത്താനും വർഗീയ കലാപം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പ്രവീൺ നെട്ടാരു കൊലപാതകം. കേസിൽ 28 പ്രതികളാണ് ഉള്ളത്. ഇവരിൽ ആറു പേരെയായിരുന്നു പിടികൂടാൻ ബാക്കിയുണ്ടായിരുന്നത്.
Discussion about this post