വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള തർക്കങ്ങൾ രൂക്ഷമായതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി എലോൺ മസ്ക്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്ക് ബദലായി പുതിയൊരു രാഷ്ട്രീയപാർട്ടി താൻ രൂപീകരിച്ചതായി മസ്ക് അറിയിച്ചു. ‘അമേരിക്ക പാർട്ടി’ എന്നാണ് മസ്കിന്റെ പുതിയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. അമേരിക്കയിൽ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി പാർട്ടി ഉയർന്ന വരുമെന്നാണ് മസ്ക് പ്രഖ്യാപിക്കുന്നത്.
എക്‌സിലെ ഉപയോക്താക്കളിൽ നിന്നുള്ള അതിശക്തമായ പിന്തുണയാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് മസ്‌ക് പറഞ്ഞു. “ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഒരു പുതിയ രാഷ്ട്രീയ ഓപ്ഷൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. ജനങ്ങളുടെ ഇഷ്ടത്തെ യഥാർത്ഥത്തിൽ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ് അവർ ആഗ്രഹിക്കുന്നത്. അമേരിക്ക പാർട്ടിയായിരിക്കും ആ ശബ്ദം,” എന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ എലോൺ മസ്ക് വ്യക്തമാക്കി.
ജൂലൈ 4 ന് അമേരിക്ക സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ, പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കണോ എന്ന കാര്യത്തിൽ മസ്ക് എക്സ് ഉപയോക്താക്കളുടെ അഭിപ്രായ സർവ്വേ നടത്തിയിരുന്നു. 65 ശതമാനം പേർ പുതിയ രാഷ്ട്രീയ പാർട്ടി വേണമെന്ന് ഈ സർവേയിൽ വ്യക്തമാക്കിയിരുന്നു. അഭിപ്രായ സർവ്വേയിലെ മികച്ച പ്രതികരണങ്ങൾക്ക് ശേഷം, അമേരിക്കയ്ക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ നൽകുന്നതിനായി അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നു എന്ന് എലോൺ മസ്ക് പ്രഖ്യാപിച്ചു.
Discussion about this post