റിയോ ഡി ജനീറോ : ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയ്ക്ക് പൂർണ്ണ അംഗത്വം നൽകി സ്വാഗതം ചെയ്ത് ബ്രിക്സ് രാജ്യങ്ങൾ. ഇതോടൊപ്പം 10 പുതിയ രാജ്യങ്ങളെ പങ്കാളി രാജ്യങ്ങളായും ബ്രിക്സിൽ ഉൾപ്പെടുത്തി. ബെലാറസ്, ബൊളീവിയ, കസാക്കിസ്ഥാൻ, നൈജീരിയ, മലേഷ്യ, തായ്‌ലൻഡ്, ക്യൂബ, വിയറ്റ്‌നാം, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ പുതിയ പങ്കാളി രാജ്യങ്ങളായി മാറിയിട്ടുള്ളത്.
2006-ൽ G8 ഔട്ട്റീച്ച് ഉച്ചകോടിയിൽ റഷ്യ, ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബ്രിക്സ് ആദ്യം സ്ഥാപിതമായത്. 2009-ൽ റഷ്യയിൽ നടന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയോടെയാണ് ഈ ഗ്രൂപ്പ് സഹകരണം ഔപചാരികമാക്കിയത്. 2010-ൽ ദക്ഷിണാഫ്രിക്ക ബ്രിക്സിൽ ചേർന്നു. 2024-ൽ കൂടുതൽ വിപുലീകരണം നടന്നു. ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങൾ 2024 മുതൽ ബ്രിക്‌സിലെ പൂർണ്ണ അംഗങ്ങളായി. 2025ൽ ഇന്തോനേഷ്യയും ബ്രിക്സിൽ പൂർണ്ണ അംഗത്വം നേടിയിരിക്കുകയാണ്.
മാറുന്ന കാലത്തിനനുസരിച്ച് പരിണമിക്കാനുള്ള ബ്രിക്‌സിന്റെ കഴിവിനെയാണ് ഈ വികാസം സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ രാജ്യങ്ങളെ അംഗീകരിച്ചുകൊണ്ട് നടന്ന ചടങ്ങിൽ പറഞ്ഞു. സാങ്കേതികവിദ്യ എല്ലാ ആഴ്ചയും വികസിക്കുന്ന എഐ യുഗത്തിൽ, ആഗോള സ്ഥാപനങ്ങൾ പരിഷ്കരണമില്ലാതെ എൺപത് വർഷം കടന്നുപോകുന്നത് അംഗീകരിക്കാനാവില്ല. 20-ാം നൂറ്റാണ്ടിലെ ടൈപ്പ്റൈറ്ററുകളിൽ 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ യുഎൻ സുരക്ഷാ കൗൺസിൽ, ഡബ്ല്യുടിഒ, മൾട്ടിലാറ്ററൽ ഡെവലപ്‌മെന്റ് ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളെ പരിഷ്കരിക്കാനുള്ള ദൃഢനിശ്ചയവും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
Discussion about this post