പത്തനംതിട്ട : പത്തനംതിട്ട കോന്നിയിലെ പാറമടയിൽ ഉണ്ടായ അപകടത്തിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചു. പാറമടയിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളിൽ ഒരാളാണ് മരിച്ചത്. ജോലി നടന്നുകൊണ്ടിരിക്കെ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. പാറകൾക്കിടയിൽ കണ്ടെത്തിയ കാലുകൾ പുറത്തെടുത്തപ്പോഴാണ് ഒരു മരണം സ്ഥിരീകരിച്ചത്.
കോന്നി പയ്യനാമണ്ണിലെ പാറമടയിലാണ് അപകടം സംഭവിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി.
തിരുവല്ലയിൽ നിന്നുള്ള എൻഡിആർഎഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തുന്നത് എന്ന് നേരത്തെ ജില്ലാ കലക്ടർ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തിലുള്ള 27 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്. പാറമടയുടെ മുകളിൽ നിന്നും കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനും സാധ്യതയുള്ളതായും കരുതപ്പെടുന്നുണ്ട്.
Discussion about this post