ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 69 പ്രകാരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫാസ്റ്റ് ബൗളർ യാഷ് ദയാലിനെതിരെ കേസെടുത്തിരിക്കുന്നു. ക്രിക്കറ്റ് താരം തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി ഗാസിയാബാദ് സ്വദേശിയായ ഒരു സ്ത്രീയുടെ പരാതിക്ക് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം നടത്തിയ ശേഷം ഇന്ദിരാപുരം സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലായ ഐജിആർഎസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
വ്യാജ വിവാഹ വാഗ്ദാനം നൽകി നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചാണ് സെക്ഷൻ 69 പറയുന്നത്. ചുമത്തിയ കുറ്റങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
യാഷ് ദയാലുമായി അഞ്ച് വർഷത്തെ ബന്ധത്തിലായിരുന്നു താനെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അയാൾ തന്നെ മാനസികമായും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നും യുവതി പരാതിയും പറഞ്ഞു. ദയാൽ തന്റെ കുടുംബാംഗങ്ങൾക്ക് മുന്നിൽ തന്നെ ഭാര്യയായി പരിചയപ്പെടുത്തിയതായി അവർ പറഞ്ഞു. എന്നാൽ തന്നെ ചതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ , താരം ആക്രമണകാരിയായി മാറുകയും യുവതിയെ ഉപദ്രവിക്കുകയും ചെയ്തു.
ക്രിക്കറ്റ് താരം തന്നിൽ നിന്ന് പണം വാങ്ങിയെന്നും മറ്റ് സ്ത്രീകളോടും സമാനമായ രീതിയിൽ പെരുമാറിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. തന്റെ വാദം തെളിയിക്കാൻ അവരുടെ ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, റെക്കോർഡിംഗുകൾ എന്നിവ തന്റെ കൈവശമുണ്ടെന്നും യുവതി പറഞ്ഞു.
അതേസമയം യാഷ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം ആദ്യം ആർസിബിയുടെ കന്നി ഐപിഎൽ കിരീടത്തിൽ താരം നിർണായക പങ്കുവഹിച്ചു. 13 വിക്കറ്റുകൾ വീഴ്ത്തിയ താരം പല നിർണായക ഓവറുകൾ എറിയുകയും ചെയ്തിരുന്നു.
Discussion about this post