പാകിസ്താന് വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ പിടിയിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വന്നതിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇൻഫ്‌ളൂവൻസർമാരെ കൊണ്ടുവരുന്നത് എംപാനൽഡ് ഏജൻസികളാണെന്നും അതിൽ മന്ത്രിക്ക് ഉത്തരവാദിത്വമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജ്യോതി മൽഹോത്ര അപകടകാരിയാണെന്ന് നേരത്തെ സംസ്ഥാനത്തിന് വിവരം ലഭിച്ചിരുന്നുവെങ്കിൽ അവരുടെ വരവ് തടയുമായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കാലങ്ങളായി ടൂറിസത്തിൽ മാർക്കറ്റിംഗ് രീതികൾ എങ്ങനെയാണോ അത് തന്നെയാണ് താൻ മന്ത്രിയായപ്പോഴും തുടരുന്നത്. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് നിന്നുള്ള ഇൻഫ്‌ളൂവൻസേഴ്‌സിനെ കൊണ്ട് വന്ന് അവരുടെ പ്രദേശത്തും ലോകത്തിനും കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്താനാണ്. ഇവരെ തെരഞ്ഞെടുക്കുന്നത് എംപാനൽഡ് ഏജൻസികളാണ്. അതിൽ മന്ത്രിക്ക് ഉത്തരവാദിത്തമില്ല. ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണ്. ജ്യോതി മൽഹോത്ര കേരളത്തിൽ വന്നത് ജനുവരിയിലാണ്. പിന്നീടാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇവർ അപകടകാരിയാണെന്ന വിവരം സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നില്ല. ജനുവരിയിൽ ഒരുപാട് വ്ളോഗർമാർ വന്നു. ഈ വ്ളോഗർമാരുടെ സ്വഭാവമെന്താണ് ഭാവിയിൽ ഇവർ എന്താവും എന്ന് വിദൂരകാഴ്ച്ചയോടെ കാണാൻ നമുക്കാവില്ല. ജ്യോതി മൽഹോത്ര വേറെയും പല സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ട് വന്നത് നല്ല ഉദ്ദേശത്തിലായിരുന്നുവെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്താനുവേണ്ടി ചാരപ്രവർത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യദ്രോഹം ചെയ്തയാളെ ബോധപൂർവം സർക്കാർ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അപവാദപ്രചാരണങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ചാരപ്രവർത്തിയിൽ ഏർപ്പെട്ട ഒരാളെ വിളിച്ചുവരുത്തി അവർക്കുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന സർക്കാരോ മന്ത്രിമാരോ അല്ല കേരളത്തിലുള്ളത്. അത്തരം പശ്ചാത്തലമുള്ള ഒരാളെ സർക്കാർ മനപ്പൂർവം ഇങ്ങോട്ട് കൊണ്ടുവരും എന്ന് തോന്നുന്നുണ്ടോ? ജ്യോതി നടത്തിയ ചാരപ്രവർത്തിയിൽ ടൂറിസം വകുപ്പിന് പങ്കുണ്ടോ എന്നാണോ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്? മന്ത്രി ചോദിച്ചു. ടൂറിസം വകുപ്പിന്റെ പ്രമോഷൻ പരിപാടികൾക്കും മറ്റുമായി കാലാകാലങ്ങളായി തുടർന്നുവരുന്ന രീതിയിൽ തന്നെയാണ് ജ്യോതി ഉൾപ്പെടെയുള്ള ഇൻഫ്‌ളുവൻസർമാരെയും വിളിച്ചിട്ടുള്ളത്. അതിൽ സർക്കാരിനോ വകുപ്പ് മന്ത്രിക്കോ പ്രത്യേകിച്ച് പങ്കില്ല. ദുഷ്പ്രചാരണം നടത്തുന്നവർ ചെയ്‌തോട്ടെ, പേടിയില്ല, മന്ത്രി റിയാസ് വ്യക്തമാക്കി.
ടൂറിസം വകുപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയുമുണ്ട്.2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷൻ നടത്തിയ വ്ലോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്തത്. ജ്യോതി ഉൾപ്പെടെയുള്ളവർക്ക് വേതനത്തിന് പുറമെ താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കിനൽകിയതും ടൂറിസം വകുപ്പായിരുന്നു.
Discussion about this post