തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആയി മാറിയേക്കും. സ്വകാര്യ വാഹനങ്ങൾ പോലും നിരത്തിലിറക്കരുത് എന്നാണ് സിഐടിയു ആഹ്വാനം ചെയ്തിട്ടുള്ളത്. 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതലാണ് നിലവിൽ വരുന്നത്.
10 പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആണ് ദേശീയ പണിമുടക്കിൽ പങ്കാളികളാകുന്നത്. കേന്ദ്രസർക്കാരിന് മുൻപിൽ 17 ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചിട്ടുള്ളത്. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക എന്നിവയാണ് ഇതിലെ പ്രധാന ആവശ്യങ്ങൾ.
ദേശീയതലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും പ്രത്യക്ഷത്തിൽ കേരളത്തിൽ മാത്രമായിരിക്കും പൂർണ്ണമായ പണിമുടക്ക് ഉണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ നാളെ സ്വകാര്യ വാഹനങ്ങൾ പോലും നിലത്തിലിറക്കരുതെന്നാണ് സിഐടിയു അടക്കമുള്ള സംഘടനകൾ അറിയിച്ചു. എന്നാൽ കെഎസ്ആർടിസി നാളെ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി തള്ളി.
Discussion about this post