ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന വത്സല ചരിഞ്ഞു. 100 വയസ്സിൽ കൂടുതൽ പ്രായം കണക്കാക്കപ്പെടുന്ന വത്സല മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിൽ ആയിരുന്നു കഴിഞ്ഞുവന്നിരുന്നത്. കേരളത്തിൽ നിന്ന് നർമ്മദാപുരത്തേക്ക് കൊണ്ടുവന്ന ആനയെ പിന്നീട് പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു വത്സലയുടെ അന്ത്യം.
ടൈഗർ റിസർവിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് വത്സലയുടെ അന്ത്യകർമ്മങ്ങൾ നടത്തിയതായി മധ്യപ്രദേശ് ഔദ്യോഗികമായി അറിയിച്ചു. വാർദ്ധക്യത്തെ തുടർന്ന് ഏറെ നാളുകളായി അവശതയിൽ ആയിരുന്നു. കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നതിനാൽ ഏറെ നാളുകളായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വത്സല കഴിഞ്ഞിരുന്നത്.
വർഷങ്ങളോളം പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം ആയിരുന്നു വത്സല. ഏറ്റവും പ്രായം കൂടിയ ആനയായതിനാൽ റിസർവിലെ മുഴുവൻ ആനക്കൂട്ടത്തെയും നയിച്ചിരുന്നത് വത്സലയായിരുന്നു. മറ്റ് പെൺ ആനകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ വത്സല ഒരു മുത്തശ്ശിയെ പോലെ പരിചരിച്ചിരുന്നതായി കടുവാസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർ അനുസ്മരിച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപ് മുൻകാലുകളിലെ നഖങ്ങളിൽ പരിക്കേറ്റതിനെത്തുടർന്ന് വത്സല റിസർവിലെ ഹിനൗട്ട പ്രദേശത്തെ ഖൈരയാൻ ജലാശയത്തിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. എഴുന്നേൽപ്പിക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ ഇവിടെവെച്ച് തന്നെ വത്സലക്ക് ചികിത്സ നൽകി വന്നിരുന്നു. ഒടുവിൽ ഇന്നലെ രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. കേരളത്തിലെ നിലമ്പൂർ വനത്തിൽ ആയിരുന്നു വത്സലയുടെ ജനനം. 1971 ൽ ആണ് വത്സലയെ കേരളത്തിൽ നിന്നും മധ്യപ്രദേശിലേക്ക് കൊണ്ടുപോയത്.
Discussion about this post