തലസ്ഥാനത്ത് വൻ ലഹരിവേട്ട. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് വന്‍ എംഡിഎംഎ വേട്ട നടന്നത്. ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് ലഹരി പിടികൂടിയത്. നാലുപേര്‍ ഡാന്‍സാഫിന്റെ പിടിയിലായിട്ടുണ്ട്. സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരാണ് പിടിയിലായത്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം.പുലർച്ചെ ഒമാനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതാണ് സഞ്ജുവും നന്ദുവും. ഇവർ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങി ശേഷം കല്ലമ്പലം ഭാഗത്തേക്ക് ഒരു ഇന്നോവ കാറിലാണ് സഞ്ചരിച്ചത്. ഇവരുടെ സാധനങ്ങൾ എല്ലാം തന്നെ മറ്റൊരു പിക്കപ്പിൽ എത്തിയ ഉണ്ണിക്കുട്ടനും പ്രവീണുമാണ് കൂടെ കൊണ്ടുവന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലാകുന്നത്. ഈന്തപ്പഴത്തിൽ പൊതിഞ്ഞ് കൊണ്ടുവന്ന ബാഗേജിനുള്ളിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഇവരിൽ നിന്നും 15 ലിറ്ററോളം വരുന്ന വിദേശമദ്യവും പിടികൂടി.
Discussion about this post