ന്യൂഡൽഹി : ഏറെ നാളായി ചർച്ച തുടരുന്ന ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്ത ആഴ്ചയോടെ യാഥാർത്ഥ്യമാകും. വ്യാപാര കരാർ ഒപ്പ് വയ്ക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യുകെ സന്ദർശിക്കും. ജൂലൈ 23 മുതൽ ആണ് മോദിയുടെ യുകെ സന്ദർശനം.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അന്തിമമായതോടെയാണ് പ്രധാനമന്ത്രി യുകെ സന്ദർശിക്കാൻ ഒരുങ്ങുന്നത്. പ്രധാന വ്യാപാര കരാറുകളിലൂടെയും രാഷ്ട്രീയ ഇടപെടലുകളിലൂടെയും ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉഭയകക്ഷി വ്യാപാര മേഖലയെ നിർണായകമായി സ്വാധീനിക്കുന്ന ഈ കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവർഷം ഇന്ത്യയും യുകെയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു.
ജൂലൈ 23-24 തീയതികളിൽ പ്രധാനമന്ത്രി മോദിയുടെ യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടത്തിൽ അദ്ദേഹം സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) ഒപ്പുവെക്കും. ഇന്ത്യയിൽ നിന്നും യുകെയിലേക്കുള്ള 99% കയറ്റുമതിക്കും ബാധകമാക്കുന്നതാണ് സ്വതന്ത്ര വ്യാപാരക്കരാർ. ഇന്ത്യയിലേക്കുള്ള വിസ്കി, കാറുകൾ തുടങ്ങിയ ബ്രിട്ടീഷ് കയറ്റുമതിയും സുഗമമാക്കാൻ ഈ കരാറിലൂടെ സാധിക്കും.
Discussion about this post