ന്യൂഡൽഹി : എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള ‘അപകീർത്തികരമായ’ വാർത്ത നൽകിയതിന് റോയിട്ടേഴ്‌സിനും വാൾ സ്ട്രീറ്റ് ജേണലിനും എതിരെ പരാതിയുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ്. ഊഹോപോഹങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് തങ്ങൾ പ്രശ്നങ്ങൾ നേരിടുകയും അന്തസ്സിനും പ്രശസ്തിക്കും കോട്ടം വരികയും ചെയ്തു എന്നാണ് പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് റോയിട്ടേഴ്‌സിനും ഡബ്ല്യുഎസ്ജെക്കും വക്കീൽ നോട്ടീസ് അയച്ചു.
എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 തകർന്നുവീണതിനെക്കുറിച്ചുള്ള ‘അടിസ്ഥാനരഹിതവും’ ‘അപകീർത്തികരവുമായ’ റിപ്പോർട്ടുകൾ പിൻവലിക്കണമെന്നും പൊതുജനങ്ങൾക്ക് മുൻപിൽ ക്ഷമാപണം നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെടുന്നു. എയർ ഇന്ത്യ അപകടത്തെക്കുറിച്ച് ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ, ബോയിംഗ് 787 ഡ്രീംലൈനറിലെ രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും പറന്നുയർന്നതിന് തൊട്ടുപിന്നാലെ “റൺ” ൽ നിന്ന് “കട്ട്ഓഫ്” സ്ഥാനത്തേക്ക് നീങ്ങിയതായി പരാമർശിച്ചിരുന്നു.
എയർ ഇന്ത്യ അപകടത്തിന് കാരണം ക്യാപ്റ്റൻ മനഃപൂർവ്വം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാണെന്ന് ആയിരുന്നു അന്വേഷണ റിപ്പോർട്ടിന് പിന്നാലെ ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റന് തെറ്റുപറ്റിയിരിക്കാമെന്ന് സൂചിപ്പിക്കുന്ന സമാനമായ ഒരു റിപ്പോർട്ട് റോയിട്ടേഴ്‌സും പ്രസിദ്ധീകരിച്ചിരുന്നു.
രണ്ട് മാധ്യമങ്ങളിൽ നിന്നും ഔപചാരിക ക്ഷമാപണവും തിരുത്തലുകളും ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ സംഘടന നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post