ചണ്ഡീഗഡ് : പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി എംഎൽഎയുടെ രാജി. ഖരാർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ അൻമോൾ ഗഗൻ മാൻ ആണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. നേരത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അൻമോൾ ഗഗൻ മാൻ ഇപ്പോൾ എംഎൽഎ സ്ഥാനവും രാജിവയ്ക്കുകയായിരുന്നു.
എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് കൂടാതെ രാഷ്ട്രീയം പൂർണമായും ഉപേക്ഷിക്കുകയാണെന്നും അൻമോൾ ഗഗൻ മാൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തന്റെ രാജി ഉടൻ സ്വീകരിക്കണമെന്ന് അവർ നിയമസഭാ സ്പീക്കർ കുൽത്താർ സിംഗ് സന്ധ്വാനോട് അഭ്യർത്ഥിച്ചു. പഞ്ചാബ് സർക്കാർ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അൻമോൾ അഭിപ്രായപ്പെട്ടു.
2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഖരാറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടിയുടെ യുവ നേതാവാണ് അൻമോൾ. ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ടൂറിസം, സംസ്കാരം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് അൻമോളിനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റുകയായിരുന്നു.
Discussion about this post