തിരുവനന്തപുരം : 5 ആഴ്ചകൾ നീണ്ട വിശ്രമത്തിനുശേഷം ഒടുവിൽ ബ്രിട്ടീഷ് യുദ്ധവിമാനം F35 ബി കേരളത്തോട് വിട പറയുകയാണ്. തകരാറുകൾ പരിഹരിച്ച യുദ്ധവിമാനം ജൂലൈ 22ന് തിരികെ ബ്രിട്ടനിലേക്ക് പറക്കും. കഴിഞ്ഞ ജൂൺ 14നാണ് ഇന്ധനം തീർന്നതിനെ തുടർന്ന് ബ്രിട്ടന്റെ F35 ബി യുദ്ധവിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിരുന്നത്. പിന്നീട് വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ആഴ്ചകളായി കേരളത്തിൽ തന്നെ തുടരുകയായിരുന്നു.
5 ആഴ്ചകൾക്ക് ശേഷം ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ മടങ്ങുമ്പോൾ യഥാർത്ഥത്തിൽ കോളടിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പിനും എയർ ഇന്ത്യക്കും ആണ് . എട്ടര ലക്ഷം രൂപയോളം ആണ് പാർക്കിംഗ് ഫീ ആയി ബ്രിട്ടീഷ് സൈന്യം അദാനി ഗ്രൂപ്പിന് നൽകേണ്ടത്. പ്രതിദിനം 26,261 രൂപ വീതം 33 ദിവസത്തേക്ക് ആണ് പാർക്കിംഗ് ഫീ നൽകേണ്ടിവരുക. ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് യുദ്ധവിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചിരുന്നത്. ഈ ഹാങ്ങർ ഉപയോഗിച്ചതിന്റെ വാടകയായി ബ്രിട്ടീഷ് സൈന്യം എയർ ഇന്ത്യയ്ക്ക് നൽകേണ്ടി വരിക 70 ലക്ഷത്തോളം രൂപയാണ്.
ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സിന്റെ 24 അംഗ വിദഗ്ധസംഘം എത്തിയാണ് യുദ്ധവിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചത്. വിവിധ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന ഈ സംഘം ഇന്ന് വൈകിട്ട് മടങ്ങും. ഈ വിദഗ്ധ സംഘത്തെയും യുദ്ധവിമാനത്തിന്റെ തകരാറുകൾ പരിഹരിക്കാൻ എത്തിച്ച ഉപകരണങ്ങളെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ഉടൻ തിരുവനന്തപുരത്ത് എത്തും. തുടർന്ന് നാളെ F35 ബിയും പശ്ചിമേഷ്യ വഴി ബ്രിട്ടനിലേക്ക് മടങ്ങും.
Discussion about this post