തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വയ്ക്കും. പാർട്ടി പ്രവർത്തകരും നേതാക്കളും എകെജി സെന്ററിൽ എത്തി വിഎസ് അച്യുതാനന്ദന് അന്തിമോപചാരം അർപ്പിക്കും. രാത്രിയോടെ അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
നാളെ വിഎസ് അച്യുതാനന്ദന് ദർബാർ ഹാളിൽ ഔദ്യോഗിക പൊതുദർശനം സംഘടിപ്പിക്കും. പൊതുജനങ്ങൾക്ക് അവിടെ അന്തിമോപചാരം അർപ്പിക്കാൻ കഴിയുന്നതാണ്. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. വിഎസിനെ അവസാനമായി ഒരു നോക്കാൻ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. തുടർന്ന് മറ്റന്നാൾ ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തിൽ ആയിരിക്കും വിഎസ് അച്യുതാനന്ദന്റെ ശവസംസ്കാരം നടത്തുക.
കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നു. 2020 ജനുവരിയിൽ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
Discussion about this post