ന്യൂഡൽഹി : സിബിഎസ്ഇക്ക് കീഴിലുള്ള എല്ലാ സ്കൂളുകളിലും ഓഡിയോ-വിഷ്വൽ സൗകര്യങ്ങളുള്ള ഹൈ റെസല്യൂഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ഉത്തരവ് പുറത്തിറക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ഉപനിയമത്തിൽ ഭേദഗതി വരുത്തിയാണ് സിബിഎസ്ഇ പുതിയ ചട്ടം പുറത്തിറക്കിയിരിക്കുന്നത്. സ്കൂളുകളിലെ എല്ലാ പ്രവേശന, എക്സിറ്റ് പോയിന്റുകൾ, ലോബികൾ, ഇടനാഴികൾ, പടിക്കെട്ടുകൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കാന്റീൻ ഏരിയ, സ്റ്റോർ റൂം, കളിസ്ഥലം, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഹൈ റെസല്യൂഷൻ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് ഉത്തരവ്. സ്വകാര്യതയ്ക്ക് ഭംഗം വരാതിരിക്കാൻ ടോയ്ലറ്റ് ഏരിയകളെ ഒഴിവാക്കുന്ന രീതിയിൽ ആയിരിക്കണം ക്യാമറകൾ സ്ഥാപിക്കേണ്ടത് എന്നും സിബിഎസ്ഇ പറയുന്നു.
കുറഞ്ഞത് 15 ദിവസത്തേക്കെങ്കിലും ദൃശ്യങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സംഭരണ ഉപകരണം സിസിടിവി ക്യാമറകളിൽ ഉണ്ടായിരിക്കണമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകൾ കുറഞ്ഞത് 15 ദിവസത്തെ ബാക്കപ്പ് സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ അധികാരികൾക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയണം. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്‌കൂളുകളും ഈ വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് സിബിഎസ്ഇ നിർദ്ദേശം നൽകി.
സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാനുവൽ, NCPCR പ്രകാരം ആണ് സിബിഎസ്ഇ ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് വരുന്നതിനും തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉണ്ടായിരിക്കണമെന്ന് ബോർഡ് വ്യക്തമാക്കുന്നു. “കുട്ടികൾക്ക് വളരാനും വികസിക്കാനും ആരോഗ്യകരവും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം ആവശ്യമാണ്. നമ്മുടെ രാജ്യത്തെ കുട്ടികൾക്ക് അന്തസ്സോടെ ജീവിക്കാനും അവരുടെ വളർച്ചയ്ക്കും വികാസത്തിനും സുരക്ഷിതവും സംരക്ഷണപരവും അനുകൂലവുമായ അന്തരീക്ഷത്തിൽ വിദ്യാഭ്യാസം നേടാനുമുള്ള മൗലികാവകാശങ്ങൾ ഭരണഘടനാപരമായി ഉറപ്പുനൽകുന്നു. സ്കൂളിനുള്ളിൽ നല്ല സുരക്ഷയും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സ്കൂളിലെ അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും ഉൾപ്പെടെയുള്ള എല്ലാവർക്കും പങ്കുണ്ട്” എന്നും സിബിഎസ്ഇ ഉത്തരവിൽ സൂചിപ്പിക്കുന്നു.
Discussion about this post