യുവദമ്പതികളെ ദുരഭിമാനകൊലയ്ക്ക് ഇരയാക്കി കുടുംബം. കുടുംബങ്ങളുടെ സമ്മതമില്ലാതെ ദമ്പതികൾ വിവാഹിതരായതാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് സൂചന.പാകിസ്താനിലെ ബലൂചിസ്ഥാനിലാണ് സംഭവം. ബാബോ ബീബി,അഹ്‌സാൻ ഉല്ലാ എന്നിവരാണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് നവദമ്പതികളെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഒരു കൂട്ടം ആളുകൾ എസ്യുവിയിലും പിക്കപ്പ് ട്രക്കുകളിലും എത്തുന്നത് കാണാം. അതിൽ നിന്ന് അവർ ദമ്പതികളെ പുറത്തിറക്കുന്നുണ്ട്. യുവതിയുടെ മുഖം ഷാൾ ഉപയോഗിച്ച് മറച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ആൾക്കൂട്ടത്തിലെ ഒരാൾ യുവതിക്ക് ഖുർ ആൻ നൽകുന്നത് കാണാം. തുടർന്ന് യുവതി ഒരു വിജനമായ കുന്നിലേക്ക് നടന്നുപോകുന്നുണ്ട്. പ്രാദേശിക ബ്രഹവി ഭാഷയിലാണ് യുവതി സമീപത്ത് നിന്ന ഒരു പുരുഷനോട് സംസാരിച്ചത്.തന്നോടൊപ്പം ഏഴ് ചുവടുകൾ നടക്കൂവെന്നും അതിനുശേഷം നിങ്ങൾക്ക് എന്നെ വെടിവയ്ക്കാമെന്ന് യുവതി പറയുന്നുണ്ട്. നിനക്ക് എന്നെ വെടിവയ്ക്കാൻ മാത്രമേ കഴിയുകയുളളൂവെന്നും കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെന്നും യുവതി കൊല്ലാൻ വന്ന യുവാവിനോട് പറയുന്നുണ്ട്. തുടർന്ന് യുവാവ് യുവതിയുടെ മുതുകിലായി വെടിവയ്ക്കുകയായിരുന്നു. മൂന്നാമത് വെടിവച്ചതിനുശേഷമാണ് യുവതി നിലത്തുവീണത്.തുടർന്നുളള വീഡിയോയിൽ ബാബോ ബീബിയുടെ മൃതദേഹത്തിന് സമീപം ഭർത്താവും മരിച്ചുകിടക്കുന്നത് കാണാം. ഇത് കണ്ട ജനക്കൂട്ടം ആർപ്പുവിളിക്കുന്നുണ്ടായിരുന്നു
2025 മെയ് മാസത്തിലെ ഈദ് അൽ-അദ്ഹയ്ക്ക് മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. വീഡിയോ വൈറലായതോടെ, പാകിസ്ഥാനിലും പുറത്തും ഇത് പ്രതിഷേധത്തിന് കാരണമായി
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. യുവതിയുടെ സഹോദരന്റെ സമ്മതമില്ലാതെ നടന്ന വിവാഹമായതിനാൽ ഗോത്ര മൂപ്പനായ സർദാർ സതക്‌സായിയാണ് ദമ്പതികളെ കൊലപ്പെടുത്താൻ ഉത്തരവിട്ടതെന്നാണ് റിപ്പോർട്ടുകൾ.












