ആകാശക്കാഴ്ചകൾ എന്നും നമുക്ക് കൗതുകമാണ്. ഭൂമിക്കപ്പുറമുള്ള രഹസ്യങ്ങൾ കണ്ടെത്തുവാനായി നാം ആകാശക്കാഴ്ചകളെ വിശകലനവും പര്യവേഷണവും ചെയ്യുന്നു. ഭൂമിക്കപ്പുറത്തെ മായക്കാഴ്ചകൾ നിങ്ങളെ ഹരം പിടിപ്പിക്കുന്നുവെങ്കിൽ ഒരു അപൂർവ്വ പ്രതിഭാസത്തിനായി കാത്തിരിക്കണം. ആകാശത്തെ അപൂർവ്വ കാഴ്ചയ്ക്കായി പക്ഷേ രണ്ട് വർഷത്തെ കാത്തിരിപ്പുണ്ട്.ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് നടക്കാനിരിക്കുന്നത്.
ഈ പൂർണ സൂര്യഗ്രഹണം ഏകദേശം ആറ് മിനിറ്റോളം നീണ്ടുനിൽക്കും. യൂറോപ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ ഗ്രഹണപാത മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ ഇരുട്ട് പരത്തും. എന്നാൽ, ഇന്ത്യക്ക് ഈ പൂർണ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ഭാഗിക സൂര്യഗ്രഹണം നമുക്ക് ആസ്വദിക്കാം.
ഏകദേശം ആറ് മിനിറ്റോളം ഇത് നീണ്ടുനിൽക്കുമെന്നതിനാൽ, ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നായി ഇത് മാറും. ദശലക്ഷക്കണക്കിന് ആളുകൾ ചന്ദ്രന്റെ നിഴലിന് കീഴിലായിരിക്കും, പകൽ സമയത്ത് പൂർണ ഇരുട്ട് അനുഭവിക്കും.
ഈ ഗ്രഹണം പ്രത്യേകമാകുന്നത് ഇതിന്റെ അപൂർവമായ ബഹിരാകാശ വിന്യാസം കാരണമാണ്. ഭൂമി അഫീലിയനിൽ, അതായത് സൂര്യനിൽ നിന്ന് ഏറ്റവും അകന്ന സ്ഥാനത്തായിരിക്കും, ഇത് സൂര്യനെ ആകാശത്ത് അല്പം ചെറുതായി കാണാൻ ഇടയാക്കും. അതേസമയം, ചന്ദ്രൻ പെരിജീയിൽ, അതായത് ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്തായിരിക്കും, ഇത് അതിനെ വലുതായി കാണാൻ ഇടയാക്കും. ഈ സംയോജനം സൂര്യനെ സാധാരണയേക്കാൾ കൂടുതൽ നേരം ചന്ദ്രന് മറയ്ക്കാൻ അനുവദിക്കുന്നു.









Discussion about this post