ലണ്ടൻ :
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെയും സാന്നിധ്യത്തിൽ ആണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. 2030 ആകുമ്പോഴേക്കും നിലവിലുള്ള 60 ബില്യൺ ഡോളറിൽ നിന്ന് 120 ബില്യൺ ഡോളറായി ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്നതാണ് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ ലക്ഷ്യമിടുന്നത്.
ഉഭയകക്ഷി വ്യാപാരം പ്രതിവർഷം ഏകദേശം 34 ബില്യൺ യുഎസ് ഡോളറായി ഉയർത്താനാണ് ഇന്ത്യയും യുകെയും ലക്ഷ്യമിടുന്നത്. ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും താരിഫ് ഇളവുകൾ ലഭ്യമാകാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കും.
ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായ മാറ്റമാണ് ഈ ദിവസം അടയാളപ്പെടുത്തുന്നതെന്നും നിരവധി വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
യുകെയിലെ ഭക്ഷ്യ സംസ്കരണ വ്യവസായത്തിൽ ഇന്ത്യയുടെ കാർഷികോൽപ്പന്നങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭ്യമാകാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ യുവാക്കൾക്കും, കർഷകർക്കും, എംഎസ്ഇഎംഇ മേഖലകൾക്കും കരാർ ഗുണം ചെയ്യും. ഇൻഫർമേഷൻ ടെക്നോളജി, ഐടി അധിഷ്ഠിത സേവനങ്ങൾ (ഐടി/ഐടിഇഎസ്), സാമ്പത്തിക സേവനങ്ങൾ, മാനേജ്മെന്റ് കൺസൾട്ടൻസി, ആർക്കിടെക്ചറൽ, എഞ്ചിനീയറിംഗ് പോലുള്ള പ്രൊഫഷണൽ സേവനങ്ങൾ, മറ്റ് ബിസിനസ് സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ സേവന മേഖലയ്ക്ക് ഗണ്യമായ നേട്ടങ്ങൾ കൊണ്ടുവരുന്നതാണ്.
Discussion about this post