കണ്ണൂർ : ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. കേരളത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത്. എന്നാൽ രാവിലെ 7 മണിക്ക് മാത്രമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം ജയിൽ അധികൃതരും പോലീസും അറിയുന്നത്. വൻ സുരക്ഷാ വീഴ്ചയാണ് ജയിലധികൃതരുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുമ്പോഴാണ് ഇയാൾ ജയിൽ ചാടുന്നത്. സൗമ്യ കൊലക്കേസ് ഉൾപ്പെടെ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഗോവിന്ദച്ചാമി.
കനത്ത തിരച്ചിലിനൊടുവിൽ കണ്ണൂർ നഗരത്തിൽ നിന്നുമാണ് ഗോവിന്ദച്ചാമി പിടിയിലായത്. തളാപ്പിലെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. കറുത്ത പാൻ്റും കള്ളി ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. നാട്ടുകാരാണ് പ്രതിയെ കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്.
കണ്ണൂർ നഗരത്തിന് പുറത്തേക്കും ഗോവിന്ദച്ചാമിയ്ക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിൽ ഇയാളെ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്. ആൾതാമസം ഇല്ലാത്ത വീടിന് സമീപം ആയിരുന്നു ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാരൻ ഗോവിന്ദച്ചാമി എന്ന് പേരെടുത്ത് വിളിച്ചപ്പോൾ ഇയാൾ തിരിഞ്ഞു നോക്കി ഓടിയതാണ് കണ്ടെത്താൻ സഹായകമായത്. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം വലിയ ദുരൂഹതയാണ് ഇപ്പോഴും അവശേഷിപ്പിക്കുന്നത്. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ഏഴര മീറ്റർ ഉയരമുള്ള ജയിൽ മതിൽ എങ്ങനെ ചാടിക്കടന്നു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.
Discussion about this post