കാസർകോട് : കാഞ്ഞങ്ങാട് അപകടത്തിൽപെട്ട ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതക ചോർച്ച. ലോറി ഉയർത്തിയപ്പോൾ ടാങ്കറിന്റെ വാൽവ് പൊട്ടിയതാണ് വാതക ചോർച്ചയ്ക്ക് കാരണമായത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോയ ടാങ്കർ ലോറിയാണ് കാഞ്ഞങ്ങാട് വെച്ച് അപകടത്തിൽപ്പെട്ട് മറിഞ്ഞിരുന്നത്.
ടാങ്കർ ഉയർത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ഇന്ന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിരുന്നു. ടാങ്കർ ഇന്ന് ഉയർത്തുന്നതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18, 19, 26 വാർഡുകളിൽ ഇന്ന് പ്രാദേശിക അവധിയാണ്. കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ഹൈവേ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു.
പ്രദേശത്തെ വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ മേഖലയിലെ വൈദ്യുതി ബന്ധവും പൂർണമായി വിച്ഛേദിച്ചു. വീടുകളിലും മറ്റും ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ വാതക ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
Discussion about this post