ന്യൂഡൽഹി : ജാതി സെൻസസ് വിഷയത്തിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞ് രാഹുൽ ഗാന്ധി. ജാതി സെൻസസ് നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു എന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. 21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ജാതി സെൻസസ് നേരത്തെ നടത്തിയില്ല എന്നുള്ളതാണ് എന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ഭാഗിദാരി ന്യായ് മഹാസമ്മേളനത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത് ജാതി സെൻസസ് നടത്തേണ്ടതായിരുന്നു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ താൻ മനസ്സിലാക്കിയിരുന്നു. എന്നാൽ ഒബിസിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ താൻ പരാജയപ്പെട്ടു. അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും തന്റെ പാർട്ടി ഉടൻ തന്നെ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ വ്യക്തമാക്കി.
“2004 മുതൽ ഞാൻ രാഷ്ട്രീയത്തിലുണ്ട്. ഇപ്പോൾ 21 വർഷമായി. തിരിഞ്ഞുനോക്കുമ്പോൾ സ്വയം വിശകലനം ചെയ്യുമ്പോൾ, ഞാൻ ചെയ്തതെല്ലാം ശരിയായ കാര്യങ്ങളാണെന്നും എവിടെയാണ് എനിക്ക് വീഴ്ച പറ്റിയതെന്നും എനിക്ക് കാണാൻ കഴിയും. ഒരു കാര്യത്തിൽ എനിക്ക് കുറവുണ്ടെന്ന് എനിക്ക് വ്യക്തമായി കാണാൻ കഴിയും. ഞാൻ ഒരു തെറ്റ് ചെയ്തു. ഒബിസി വിഭാഗത്തെ എനിക്ക് വേണ്ട രീതിയിൽ സംരക്ഷിക്കാൻ കഴിഞ്ഞില്ല. ഒ.ബി.സി. വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ രാജ്യത്ത് ജാതി സെൻസസ് നടത്തുമായിരുന്നു. ഇനി ഞാൻ എന്റെ തെറ്റ് തിരുത്താൻ പോകുകയാണ്” എന്നും രാഹുൽഗാന്ധി പ്രഖ്യാപിച്ചു.
Discussion about this post