മാലി : മാലിദ്വീപിന്റെ 60-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60 വർഷത്തെ പൂർത്തീകരണത്തിന്റെ ആഘോഷം കൂടി ഇതോടൊപ്പം നടന്നു. തലസ്ഥാനമായ മാലിയിലാണ് ചടങ്ങുകൾ നടന്നത്.
മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യ അതിഥിയായി പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്. ചടങ്ങിൽ സംസാരിച്ച മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി എന്ന റെക്കോർഡ് നേടിയതിന് മോദിയെ അഭിനന്ദിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാലിദ്വീപിലെ ജനങ്ങൾക്കും സർക്കാരിനും 60-ാം സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
ഇന്ത്യ-മാലിദ്വീപ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ശ്രമത്തിന്റെ ഭാഗമായാണ് മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവയ്ക്കായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപ് സന്ദർശന വേളയിൽ വ്യക്തമാക്കി.
Discussion about this post