ഡെറാഡൂൺ : ഹരിദ്വാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 28ലേറെ പേർക്ക് പരിക്കേറ്റു. ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്നാണ് തിക്കുംതിരക്കും ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
രാവിലെ 9 മണിയോടെ ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലേക്കുള്ള രണ്ട് കിലോമീറ്റർ നടപ്പാതയിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. ക്ഷേത്ര പാതയിൽ നിന്ന് 100 മീറ്റർ താഴെയുള്ള പടികളിൽ ഒന്നിൽ വൈദ്യുതി കമ്പി പൊട്ടിവീണെന്ന വാർത്ത പരന്നതിനെ തുടർന്നാണ് തിക്കുംതിരക്കും ഉണ്ടായത്. പടികളിൽ വൈദ്യുതി കടന്നു പോകുന്നതായി അഭ്യൂഹം പരന്നതിനെ തുടർന്ന് ചിലർ പിന്തിരിഞ്ഞു പോകാൻ ശ്രമിച്ചത് പെട്ടെന്നുള്ള ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു.
അപകടമുണ്ടായ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തന നടപടികൾ ആരംഭിച്ചു. ഉത്തരാഖണ്ഡ് പോലീസിന്റെ സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പ്രാദേശിക പോലീസും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
Discussion about this post