ചെന്നൈ : ചോള ചക്രവർത്തി രാജേന്ദ്ര ചോളന്റെ ജന്മവാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചോള ഭരണാധികാരിയെ അനുസ്മരിക്കുന്ന ഒരു നാണയവും ചടങ്ങിൽ അദ്ദേഹം പുറത്തിറക്കി. ആടി തിരുവിഴ ആഘോഷത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ തമിഴ്‌നാട് സന്ദർശനം.
തിരുച്ചിറപ്പള്ളിയിൽ ഒരു റോഡ് ഷോ നടത്തി പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു. മാലിദ്വീപ് സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ തമിഴ്നാട് സന്ദർശനത്തിന് എത്തിയിരിക്കുന്നത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി മോദിയെ ട്രിച്ചി വിമാനത്താവളത്തിൽ സ്വീകരിച്ചു.
തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള രാജേന്ദ്ര ചോളന്റെ ഐതിഹാസിക സമുദ്ര പര്യവേഷണത്തിന്റെ 1,000 വർഷത്തെ അനുസ്മരണം, ചോള വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണമായ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ നിർമ്മാണം എന്നിവയുടെ അനുസ്മരണം ചടങ്ങിൽ നടന്നു. പതിനൊന്നാം നൂറ്റാണ്ടിൽ (1014–1044 CE) ജനിച്ച രാജേന്ദ്ര ചോളൻ ഒന്നാമൻ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ശക്തനും ദീർഘവീക്ഷണമുള്ളതുമായ ഭരണാധികാരികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ചോള സാമ്രാജ്യം തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വ്യാപിച്ചിരുന്നു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ നിർമ്മാണം നടത്തിയതും രാജേന്ദ്രചോളൻ ആയിരുന്നു.
തമിഴ്‌നാട്ടിൽ 4900 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. തൂത്തുക്കുടി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബിജെപിയും എഐഎഡിഎംകെയും സഖ്യം പുതുക്കിയതിനുശേഷം മോദിയും എടപ്പാടി പളനിസ്വാമിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
Discussion about this post