തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരായ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം വീണ്ടും വിവാദമായിരിക്കുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ചിന്ത ജെറോം. മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തലുകൾക്ക് പാർട്ടി നേതൃത്വം മറുപടി പറയും എന്നാണ് ചിന്ത ജെറോം വ്യക്തമാക്കിയത്. വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് പാർട്ടിയിലെ ഒരു കൊച്ചു പെൺകുട്ടി ആവശ്യപ്പെട്ടതായിരുന്നു ആലപ്പുഴ സമ്മേളനത്തിൽ നിന്നും വിഎസ് ഇറങ്ങിപ്പോകാൻ കാരണം എന്നായിരുന്നു മുതിർന്ന നേതാവായ സുരേഷ് കുറുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ആലപ്പുഴ സമ്മേളനത്തിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് ചിന്ത ജെറോം പറയുന്നത്.
വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് ആലപ്പുഴ സമ്മേളനത്തിൽ നിന്നും വിഎസ് ഇറങ്ങിപ്പോകാൻ ഉണ്ടായ കാരണം വ്യക്തമാക്കിയിരുന്നത്. കൊച്ചു മക്കളുടെ പ്രായം മാത്രമുള്ളവർ സമ്മേളനങ്ങളിൽ വിഎസിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചെന്ന് ലേഖനത്തിലൂടെ അദ്ദേഹം അറിയിച്ചു. 2015ലെ ആലപ്പുഴയിലെ പാർട്ടി സമ്മേളനത്തിനിടെയാണ് ഈ സംഭവം നടന്നത്. ലേഖനം ചർച്ചയായതോടെ ആലപ്പുഴ സമ്മേളനത്തിൽ വച്ച് വിഎസ് അച്യുതാനന്ദനെതിരെ ഇത്തരം പരാമർശം നടത്തിയത് ചിന്ത ജെറോം ആയിരുന്നു എന്ന് ചില സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം പ്രതികരിക്കുമെന്ന് ചിന്ത വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post