ന്യൂഡൽഹി : രാജ്യത്തുടനീളം ഉള്ള എല്ലാ സ്കൂളുകളുടെയും സുരക്ഷയുടെ കാര്യത്തിൽ നിർബന്ധിത ഓഡിറ്റിംഗ് നിർദേശവുമായി കേന്ദ്രസർക്കാർ. സമഗ്രമായ സുരക്ഷയും ക്ഷേമ നടപടികളും അടിയന്തിരമായി നടപ്പിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. പ്രഥമശുശ്രൂഷ, അഗ്നി സുരക്ഷ, അപകട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഉള്ള ഒഴിപ്പിക്കൽ മാർഗനിർദ്ദേശങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സുരക്ഷ ശക്തമാക്കാൻ ആണ് കേന്ദ്രസർക്കാർ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
ദേശീയ ദുരന്ത നിവാരണ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി സ്കൂളുകളുടെ സുരക്ഷ നടപ്പിലാക്കണം എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ സ്കൂളുകളും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രതിരോധ, പരിശീലന, പിന്തുണാ നടപടികൾ ഉടൻ നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. സ്കൂളുകളുടെ സുരക്ഷയെ കുറിച്ചുള്ള വർദ്ധിച്ചു വരുന്ന ആശങ്കകൾ കണക്കിലെടുത്താണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർദ്ദേശം.
സ്കൂളുകളുടെ ഘടനാപരമായ സമഗ്രത, അഗ്നി സുരക്ഷ, അടിയന്തര എക്സിറ്റുകൾ, ഇലക്ട്രിക്കൽ വയറിംഗ് എന്നിവ വിലയിരുത്താൻ സുരക്ഷ ഓഡിറ്റിങ്ങുകൾ നടത്തണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. അടിയന്തര പ്രോട്ടോക്കോളുകളിൽ സ്കൂൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകാനും നിർദ്ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), അഗ്നിശമന വകുപ്പുകൾ, പോലീസ്, ആരോഗ്യ സേവനങ്ങൾ തുടങ്ങിയ പ്രാദേശിക ഏജൻസികളുമായി സഹകരിച്ച് സംയുക്ത മോക്ക് ഡ്രില്ലുകളും ബോധവൽക്കരണ ഡ്രൈവുകളും നടത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.









Discussion about this post