ബീജിംഗ് : ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. തിങ്കളാഴ്ച അർദ്ധരാത്രി വരെ പെയ്ത കനത്ത മഴയിൽ മുപ്പത് പേർ മരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഒരു വർഷം കൊണ്ട് ചെയ്യേണ്ട മഴയാണ് ഏതാനും ദിവസങ്ങൾ കൊണ്ട് ബീജിംഗിൽ പെയ്തത് എന്നാണ് ചൈന റിപ്പോർട്ട് ചെയ്യുന്നത്.
പർവതപ്രദേശമായ വടക്കൻ ജില്ലകളിലാണ് മഴയെ തുടർന്നുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിയുണിൽ 28 പേരും യാങ്കിംഗിൽ രണ്ടു പേരും മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ കനത്ത രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒരു മണിക്കൂറിനുള്ളിൽ 95.3 മില്ലിമീറ്റർ മഴ എന്ന നിലയിലാണ് ചില പ്രദേശങ്ങളിൽ മഴ ലഭിച്ചത്. ബീജിംഗിൽ ശരാശരി വാർഷിക മഴ 600 മില്ലിമീറ്ററാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 543.4 മില്ലിമീറ്റർ മഴയാണ് ബീജിംഗിൽ ചെയ്തത്. കനത്ത മഴയെത്തുടർന്ന് നിരവധി റോഡുകളും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും തകർന്നു. തിങ്കളാഴ്ച അർദ്ധരാത്രി വരെ 136 ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ബീജിംഗിലെ 80,000 – ത്തിലധികം താമസക്കാരെ അധികൃതർ മാറ്റിപ്പാർപ്പിച്ചതായി സിൻഹുവ റിപ്പോർട്ട് ചെയ്തു.
Discussion about this post