പട്ന : ബീഹാറിലെ വൈശാലിയിൽ നിർമ്മിച്ചിട്ടുള്ള ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവും ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാർ ചടങ്ങിൽ പങ്കെടുക്കും. 72 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് 550.48 കോടി രൂപ ചെലവിൽ ആണ് ഈ ബുദ്ധ മ്യൂസിയ സ്തൂപം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് വർഷങ്ങൾ സുരക്ഷിതമായി നിലനിൽക്കുന്നതിനായി ആധുനിക ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
ചൈന, ജപ്പാൻ, ശ്രീലങ്ക, തായ്‌ലൻഡ്, നേപ്പാൾ, ടിബറ്റ്, മ്യാൻമർ, മലേഷ്യ, ഭൂട്ടാൻ, വിയറ്റ്നാം, കംബോഡിയ, മംഗോളിയ, ലാവോസ്, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാർ ഉദ്ഘാടന ചടങ്ങിൽ പ്രത്യേക അതിഥികളായി പങ്കെടുക്കും. ചരിത്രപ്രസിദ്ധമായ വൈശാലിയെ ആഗോള ബുദ്ധമത അനുയായികളുടെ ഭക്തിയുടെയും ആകർഷണത്തിന്റെയും പുതിയ കേന്ദ്രമാക്കി മാറ്റാൻ ബുദ്ധ സമ്യക് ദർശൻ മ്യൂസിയം സഹായകരമാകുന്നതാണ്.
ഒന്നാം നിലയിൽ സൂക്ഷിച്ചിരിക്കുന്ന ബുദ്ധന്റെ ഒരു അവശിഷ്ട പേടകമായിരിക്കും ഈ സ്മാരകത്തിന്റെ പ്രധാന ആകർഷണം. 1958 നും 1962 നും ഇടയിൽ നടത്തിയ ഖനനത്തിനിടെയാണ് ഈ അവശിഷ്ട പേടകം കണ്ടെത്തിയത്. പുഷ്കർണി കുളത്തിനും മൺപാത്ര സ്തൂപത്തിനും സമീപമായാണ് 72 ഏക്കർ സ്ഥലത്ത് 550 കോടി 48 ലക്ഷം രൂപ ചെലവഴിച്ച് മ്യൂസിയവും സ്തൂപവും നിർമ്മിച്ചിട്ടുള്ളത്. സിമന്റ്, ഇഷ്ടിക, കോൺക്രീറ്റ് തുടങ്ങിയ വസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാതെ പൂർണമായും കല്ലുകൊണ്ടാണ് സ്തൂപത്തിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ആധുനിക ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പൂർണ്ണമായും കല്ലുകൊണ്ടുള്ള ഒരു നിർമ്മിതി പൂർത്തിയാക്കിയിട്ടുള്ളത്. ലോകപ്രശസ്തമായ സാഞ്ചി സ്തൂപത്തിന്റെ ഇരട്ടി ഉയരത്തിലാണ് വൈശാലിയിലെ ഈ പുതിയ സ്തൂപം നിർമ്മിച്ചിട്ടുള്ളത്.
ബീഹാറിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ആഗോള ബുദ്ധമത പൈതൃകത്തിന്റെയും മഹത്തായ പ്രതീകമാണ് ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ആഗോള ബുദ്ധമത ഭൂപടത്തിൽ വൈശാലിയുടെ സ്ഥാനം കൂടുതൽ പ്രസക്തമാക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ ടൂറിസം രംഗത്തും തൊഴിൽ രംഗത്തും വളർച്ചകൾ ഉണ്ടാക്കാനും ഈ മ്യൂസിയത്തിന് കഴിയും എന്ന് നിതീഷ് കുമാർ വ്യക്തമാക്കി.
Discussion about this post