ന്യൂഡൽഹി : ലോക്സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച ചർച്ചയ്ക്കിടെ, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവനയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അതൃപ്തി പ്രകടിപ്പിക്കുകയും അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് നിങ്ങൾക്ക് പാകിസ്താനോട് ഇത്ര സ്നേഹം? പാകിസ്താന് ക്ലീൻചിറ്റ് നൽകുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? എന്ന് അദ്ദേഹം കോൺഗ്രസ് നേതാവിനോട് ചോദ്യമുന്നയിച്ചു.
പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ചിദംബരം പാകിസ്താനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട ഭീകരർ പാകിസ്താനിൽ നിന്നാണോ വന്നതെന്ന കോൺഗ്രസ് നേതാവിന്റെ ചോദ്യം, പാകിസ്താന് ക്ലീൻ ചിറ്റ് നൽകുന്നത് പോലെയാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ രണ്ട് പേരുടെ വോട്ടർ നമ്പറുകൾ പോലും കേന്ദ്രസർക്കാരിന്റെ കയ്യിൽ ഉണ്ട് എന്നും അമിത് ഷാ അറിയിച്ചു.
പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട അതേ തീവ്രവാദികളാണ് ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ടത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്സഭയിൽ അറിയിച്ചു. അവരുടെ വോട്ടർ ഐഡികളും പാകിസ്താൻ നിർമ്മിത ആയുധങ്ങളും ചോക്ലേറ്റുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. പാകിസ്താനികളായ തീവ്രവാദികൾ കൊല്ലപ്പെടുമ്പോൾ എന്തിനാണ് കോൺഗ്രസ് നേതാക്കൾ വേദനിക്കുന്നത്? ആരെയാണ് നിങ്ങൾ രക്ഷിക്കാൻ ശ്രമിക്കുന്നത്? 130 കോടി ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. പാകിസ്താനെ രക്ഷിക്കുന്നതിനുള്ള നിങ്ങളുടെ ഗൂഢാലോചനകൾ ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർക്കണം എന്നും അമിത് ഷാ പി ചിദംബരത്തിന് മറുപടി നൽകി.









Discussion about this post