വയനാട് : വയനാടിനെ പിടിച്ചു കുലുക്കിയ, കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ദുരന്തത്തിന്റെ ഒന്നാം ആണ്ട് പ്രമാണിച്ച് ജൂലൈ 30 ഹൃദയഭൂമിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു. ഉറ്റവരെ നഷ്ടപ്പെട്ടവർ കണ്ണീരോടെ ദുരന്ത ഭൂമിയിലേക്ക് വീണ്ടും മടങ്ങിയെത്തി. തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത മണ്ണിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു.
അതേസമയം വയനാട് പുനരധിവാസത്തിലെ വീഴ്ചകള്‍ക്കെതിരെ വ്യാപാരികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരവും നടക്കുന്നുണ്ട്. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ഇരകൾക്കായി ഇന്ന് ഉച്ചയ്ക്കുശേഷം അനുസ്മരണയോഗം നടക്കും. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.
298 പേരുടെ ജീവനെടുത്ത ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ 2024 ജൂലൈ 30നാണ് സംഭവിച്ചത്. ഇന്ന് രാവിലെ വെള്ളാർമല സ്കൂളിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ദുരന്തത്തിൽ ഇരകളായ സ്കൂളിലെ വിദ്യാർത്ഥികളെ അധ്യാപകർ അനുസ്മരിച്ചു. 400 ഓളം കുടുംബങ്ങളെ ബാധിച്ച ഉരുൾപൊട്ടലിന് ഒരു വർഷം കഴിയുമ്പോഴും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല എന്നുള്ളത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
Discussion about this post