കാൻബെറ : 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യൂട്യൂബ് ചാനലുകൾ വേണ്ടെന്ന നിയമം നടപ്പിലാക്കി ഓസ്ട്രേലിയ. നേരത്തെ മറ്റു നിരവധി സമൂഹമാധ്യമങ്ങളിലും ഓസ്ട്രേലിയ 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, സ്നാപ്ചാറ്റ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആയിരുന്നു 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ യൂട്യൂബിനെയും സർക്കാർ ഈ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്.
ഡിസംബർ മുതൽ ഈ തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്ന് ഓസ്ട്രേലിയൻ സർക്കാർ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് ഈ തീരുമാനം. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാൻ കഴിയുമെങ്കിലും സ്വന്തമായി അക്കൗണ്ടുകൾ സൃഷ്ടിക്കരുത് എന്നാണ് നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ ഉള്ള പ്രായപൂർത്തിയാകാത്തവരുടെ അക്കൗണ്ടുകൾ റദ്ദാക്കണമെന്നും നിയമം അനുശാസിക്കുന്നു. നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ പ്ലാറ്റ്‌ഫോമുകൾക്ക് 50 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (33 മില്യൺ ഡോളർ) വരെ പിഴ ചുമത്തുമെന്നും ഈ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post