തിരുവനന്തപുരം : തലസ്ഥാനത്ത് സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട് നൽകി സിറ്റി പോലീസ് കമ്മീഷണർ. പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിലവാരം ക്യാമറകൾക്ക് ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവരങ്ങൾ വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണർ സ്മാർട്ട് സിറ്റി സിഇഒക്ക് കത്ത് നൽകി.
ക്യാമറകളിൽ 25 ശതമാനവും പ്രവർത്തിക്കുന്നില്ല. നിലവിൽ സ്ഥാപിച്ചിരിക്കുന്ന 917 ക്യാമറകളിൽ 236 ക്യാമറകളും പ്രവർത്തിക്കുന്നില്ല. പ്രവർത്തിക്കുന്ന ക്യാമറകൾക്ക് 50% പോലും കൃത്യതയുമില്ല. കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ഭാഗമായി ക്യാമറകൾ വെച്ച് പൊലീസിന് കൈമാറുമെന്നായിരുന്നു നഗരസഭ വർഷങ്ങൾക്കു മുൻപ് നൽകിയ വാഗ്ദാനം. എന്നാൽ മൂന്ന് വർഷമായിട്ടും ക്യാമറ സ്ഥാപിക്കുന്നത് പൂർത്തീകരിച്ചിട്ടില്ല.
സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയുളള യാത്ര, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ ഉള്ള യാത്ര എന്നിവയൊന്നും കൃത്യതയോടെ രേഖപ്പെടുത്താൻ ക്യാമറകൾക്ക് കഴിയുന്നില്ല എന്നാണ് പ്രധാന പരാതി. ഭൂരിഭാഗവും കാര്യക്ഷമതയും കൃത്യതയും ഇല്ലാത്ത ക്യാമറകളാണ്. ക്യാമറ ഉപയോഗിച്ച് കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ പഴി പൊലീസിനാകും എന്നും സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്മാർട്ട് സിറ്റിക്ക് വേണ്ടി ചെന്നൈയിലുള്ള എംഎസ്പി എന്ന കമ്പനിയാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്.









Discussion about this post