ന്യൂഡൽഹി : ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തീയതി പ്രഖ്യാപിച്ചു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഓഗസ്റ്റ് 7 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ ഓഗസ്റ്റ് 7 മുതൽ സമർപ്പിക്കാം.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. 22 ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്റ്റംബർ 9ന് വോട്ടെടുപ്പും അതേ ദിവസം തന്നെ വോട്ടെണ്ണലും നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.
ജൂലൈ 22 ന് ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് നിലവിൽ ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം, ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 66(1) അനുസരിച്ച്, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങുന്ന ഒരു ഇലക്ടറൽ കോളേജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.









Discussion about this post