റാഞ്ചി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക നേതാവാണ്. 81 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു മരണം.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ഷിബു സോറൻ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. വൃക്കരോഗം ബാധിച്ച അദ്ദേഹത്തിന് ഒന്നര മാസം മുമ്പ് പക്ഷാഘാതവും അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ 38 വർഷമായി ജാർഖണ്ഡ് മുക്തി മോർച്ചയെ നയിച്ച നേതാവായിരുന്നു ഷിബു സോറൻ. 1944 ജനുവരി 11 ന് രാംഗഡിലെ നെമ്ര ഗ്രാമത്തിലാണ് ഷിബു സോറൻ ജനിച്ചത്. 1970 കളിൽ അദ്ദേഹം ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപിച്ചു. പ്രത്യേക ജാർഖണ്ഡ് സംസ്ഥാനം ആവശ്യപ്പെട്ട് ഒരു പ്രസ്ഥാനം നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. 1980-ൽ ഷിബു സോറൻ ആദ്യമായി ലോക്‌സഭാംഗമായി. 2000 നവംബർ 15-ന് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടതിൽ നിർണായക പങ്കുവഹിച്ചത് ഷിബു സോറൻ ആയിരുന്നു. സംസ്ഥാന രൂപീകരണത്തിനുശേഷം, 2005, 2008, 2009 എന്നീ വർഷങ്ങളിൽ ഷിബു സോറൻ മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.









Discussion about this post