ന്യൂഡൽഹി : ഭാരത ചരിത്രത്തിൽ പുതിയൊരു നേട്ടവും കൂടി സ്വന്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡ് നേട്ടമാണ് അമിത് ഷാ സ്വന്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ പേരിലുള്ള റെക്കോർഡ് ആണ് അമിത് ഷാ മറികടന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ സുപ്രധാന നേട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് 2,258 ദിവസങ്ങൾ പൂർത്തിയാക്കിയാണ് അമിത് ഷാ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2019 മെയ് 30നായിരുന്നു അദ്ദേഹം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റിരുന്നത്. ഇതിന് മുൻപ് ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനിയും കോൺഗ്രസ് നേതാവ് ഗോവിന്ദ് വല്ലഭ് പന്തും ആയിരുന്നു സ്വന്തമാക്കിയിരുന്നത്.
1982-ൽ ആർഎസ്എസിലൂടെ ആയിരുന്നു അമിത് ഷാ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1983ൽ അദ്ദേഹം എബിവിപി യിൽ അംഗമായി. 1987-ലാണ് അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയിൽ ചേരുന്നത്. 1991 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ ലാൽ കൃഷ്ണ അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജരായി മുഖ്യധാരാ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തി. 1997-ൽ, ഗുജറാത്തിലെ സർഖേജിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലൂടെ ആണ് അമിത് ഷാ ആദ്യമായി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ഗുജറാത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ച നിയമസഭാംഗം എന്ന റെക്കോർഡ് നേട്ടവും അമിത് ഷായ്ക്കുണ്ട്. 2002 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ഗുജറാത്തിൽ മോദി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായും അമിത് ഷാ ചരിത്രം കുറിച്ചിരുന്നു.
ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്നതിന് കേന്ദ്രമന്ത്രി അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) പാർലമെന്ററി യോഗത്തിൽ വെച്ചായിരുന്നു പ്രധാനമന്ത്രി അമിത് ഷായെ പ്രശംസിച്ച് സംസാരിച്ചത്. ഇന്ന് രാവിലെ പാർലമെന്റ് ലൈബ്രറി ബിൽഡിംഗിൽ വെച്ചായിരുന്നു എൻഡിഎ പാർലമെന്ററി യോഗം നടന്നത്.









Discussion about this post