ടെൽ അവീവ് : ഗാസ നഗരത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി. ഇസ്രായേൽ സൈനിക നടപടികൾ വ്യാപിപ്പിക്കുന്നത് പലസ്തീൻ സിവിലിയന്മാർക്കും ഇസ്രായേലി ബന്ദികൾക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ ഈ തീരുമാനം. ഇസ്രായേൽ സൈന്യം മുഴുവൻ ഗാസയുടെയും നിയന്ത്രണം ഏറ്റെടുക്കുമെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ നിലവിലെ തീരുമാനപ്രകാരം ഗാസ മുനമ്പ് മുഴുവനായി ഏറ്റെടുക്കാതെ ഗാസ നഗരം മാത്രം പൂർണമായി നിയന്ത്രണത്തിൽ ആക്കാനാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.
2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് ഇസ്രായേൽ-ഹമാസ് സൈനിക സംഘർഷങ്ങൾ ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനു മറുപടിയായി, ഇസ്രായേൽ ഗാസയ്‌ക്കെതിരെ 22 മാസമായി സൈനിക നീക്കങ്ങൾ തുടരുകയാണ്. ഇതിനകം തന്നെ പ്രധാനപ്പെട്ട ഹമാസ് നേതാക്കൾ അടക്കം ആയിരക്കണക്കിന് പേർ ഗാസയിൽ കൊല്ലപ്പെട്ടു. നിലവിൽ ഗാസയുടെ പകുതിയിലേറെ ഭാഗത്തിന്റെ നിയന്ത്രണം ഇസ്രായേൽ പ്രതിരോധ സേന ഏറ്റെടുത്തിരിക്കുകയാണ്.
ഗാസ നഗരത്തിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുകയും
യുദ്ധ മേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുകയും ചെയ്യുമെന്നാണ് നിലവിൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുള്ളത്. ഗാസയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഗാസ നഗരത്തിൽ തുടരുന്ന ഹമാസ് ഭീകരർക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തും എന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്.
Discussion about this post