ന്യൂഡൽഹി : എൽപിജി വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്നും ഉപഭോക്താക്കൾക്ക് രക്ഷയായി കേന്ദ്ര മന്ത്രിസഭായോഗത്തിൽ പുതിയ തീരുമാനം. എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ സബ്‌സിഡി നൽകാനുള്ള തീരുമാനം ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് തീരുമാനം പ്രഖ്യാപിച്ചത്.
ഊർജ്ജ സുരക്ഷയും ഗാർഹിക പാചക ഇന്ധനങ്ങളുടെ തുടർച്ചയായ ലഭ്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം എന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ മൂന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് ആണ് സബ്‌സിഡി നൽകുക.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ആയിരിക്കും എൽപിജി സബ്സിഡി നൽകുക. 12 തവണകളായിട്ടായിരിക്കും സബ്സിഡി നൽകുന്നത്. 2024-25 കാലയളവിൽ അന്താരാഷ്ട്ര എൽപിജി വില ഉയർന്നതും ഇപ്പോഴും ഉയർന്ന നിലയിൽ തന്നെ തുടരുകയും ചെയ്യുന്നത് എൽപിജി വിലവർധനവിന് കാരണമാകും എന്നതിനാൽ ഇത് നിയന്ത്രിക്കാനാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. നഷ്ടങ്ങൾ ഉണ്ടായിരുന്നിട്ടും, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ രാജ്യത്ത് താങ്ങാനാവുന്ന വിലയിൽ ആഭ്യന്തര എൽപിജിയുടെ തുടർച്ചയായ വിതരണം ഉറപ്പാക്കിയതിലുള്ള നഷ്ടപരിഹാരം കൂടിയാണ് കേന്ദ്രസർക്കാർ എണ്ണ വിപണന കമ്പനികൾക്ക് നൽകുന്ന സബ്സിഡി.
Discussion about this post