വയനാട് ലോക്‌സഭ എംപി പ്രിയങ്കഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ ഇഡി കുറ്റപത്രം. റോബർട്ടിന് ഹരിയായിലെ ഗുരുഗ്രാമിൽ മൂന്നര ഏക്കർ ഭൂമി കൈക്കൂലിയായി ലഭിച്ചെന്നാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേക കോടതിയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഈ കണ്ടെത്തൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗുരുഗ്രാമിലെ സെക്ടർ 83 ലെ മൂന്നര ഏക്കർ ഭൂമി വദ്രക്ക് കൈക്കൂലിയായി ലഭിച്ചതാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (Onkareshwar Properties Private Limited) എന്ന സ്ഥാപനമാണ് ഭൂമി നൽകിയത്. റോബർട്ട് വദ്ര ഡയറക്ടർ ബോർഡ് അംഗമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ് ഭൂമി നൽകിയത്. ഈ ഭൂമിക്കായി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 7.5 കോടി രൂപ നൽകിയെന്നാണ് റോബർട്ട് വദ്ര അവകാശപ്പെട്ടിരുന്നത്. എന്നാൽ റോബർട്ട് വദ്രയുടെ സ്ഥാപനം 7.5 കോടി രൂപയുടെ ചെക്ക് നൽകിയിരുന്നുവെങ്കിലും അത് ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ബാങ്കിൽ സമർപ്പിച്ച് പണം കൈപറ്റിയിരുന്നില്ലെന്ന് ഇഡി കണ്ടെത്തി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ ചില കണ്ടെത്തലുകൾ പ്രിയങ്ക ഗാന്ധിക്കും കുരുക്കാകുമെന്നാണ് വിവരം. ഹരിയാനയിലെ ടൗൺ, പ്ലാനിങ് മന്ത്രി ആയിരുന്ന ഭൂപീന്ദർ സിങ് ഹൂഡയിൽ നിന്ന് ഹൗസിങ് ലൈസൻസ് ലഭിക്കുന്നതിനാണ് ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം റോബർട്ട് വദ്രക്ക് ഭൂമി കൈക്കൂലിയായി നൽകിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നെഹ്രുകുടുംബത്തിലെ മരുമകനായ റോബർട്ട് വദ്ര ആ സ്വാധീനം ഉപയോഗിച്ച് ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്‌ന് വേണ്ടി ലൈസെൻസ് നേടാൻ സഹായിച്ചു എന്നാണ് ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്.
Discussion about this post