ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം എക്കാലത്തെയും ഉയർന്ന നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 5 വർഷത്തിനുള്ളിൽ 90% വർദ്ധനവ് ആണ് പ്രതിരോധ ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത്. ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിലുള്ള പ്രതിരോധ നിർമ്മാണങ്ങൾ 1.51 ലക്ഷം കോടി കടന്നുവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
2024-25 ൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1,50,590 കോടിയിലെത്തിയതായാണ് രാജ്നാഥ് സിംഗ് അറിയിച്ചത്. മുൻ സാമ്പത്തിക വർഷത്തിലെ 1.27 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് പ്രതിരോധ ഉൽപാദനം ഏകദേശം 18 ശതമാനം വർദ്ധിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 79,071 കോടി രൂപയായിരുന്നു. തുടർന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പ്രതിരോധ ഉത്പാദനത്തിൽ 90 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
രാജ്യത്തെ മൊത്തം പ്രതിരോധ ഉൽപ്പാദനത്തിന്റെ 77 ശതമാനവും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും (ഡിപിഎസ്‌യു) മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമാണ് സംഭാവന ചെയ്യുന്നത്. 23 ശതമാനം സ്വകാര്യമേഖലയും സംഭാവന ചെയ്യുന്നു. പൊതു, സ്വകാര്യ മേഖലകളുടെ ഈ കൂട്ടായ പരിശ്രമത്തിലൂടെ ചരിത്ര നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2014 മുതൽ 2024 വരെ ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതിയിൽ 34% ഗണ്യമായ കുറവും അതേസമയം പ്രതിരോധ കയറ്റുമതിയിൽ വിസ്മയകരമായ രീതിയിൽ 700% ത്തിലധികം വർദ്ധനവും ഉണ്ടായതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ആത്മനിർഭർ ഭാരത് വഴിയുള്ള രാജ്യത്തിന്റെ ഈ പ്രതിരോധ സ്വാശ്രയത്വം അടിവരയിടുന്ന പ്രസ്താവനയാണ് ഇപ്പോൾ പ്രതിരോധ മന്ത്രിയും പുറത്തുവിട്ടിരിക്കുന്നത്.









Discussion about this post